logo
SERVICE HELPE DESK KGVOA
kgvoaservicehelpdesk@gmail.com
Official Website of Kerala Government Veterinary Officers Association
Editorial Board
പ്രൈവറ്റ് പ്രാക്ടീസ് മാനദണ്ഡങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് - മൃഗസംരക്ഷണ വകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്

വെറ്ററിനറി ഡോക്ടർമാരുടെ പ്രൈവറ്റ് പ്രാക്ടീസ് മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി 13/12/2023ൽ സ.ഉ.(സാധാ)നം.589/2023/AHD എന്ന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതോടുകൂടി കേരളത്തിലെ മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ എത്രയോ വർഷങ്ങളായുള്ള ഒരു ആവശ്യം കൂടി അംഗീകരിക്കപ്പെട്ടിരിക്കുന്നു. AHD മാനുവൽ, 14/10/2015-ലെ സ.ഉ(സാധാ)നം.1765/2015/AHD നമ്പർ സർക്കാർ ഉത്തരവ് എന്നിവ പ്രകാരം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമായിരുന്നു. എങ്കിലും മേൽ രേഖകളിലെ വ്യക്തത കുറവ് മൂലം പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന വെറ്ററിനറി ഡോക്ടർമാർ വാങ്ങുന്ന ഫീസ് കൈക്കൂലിയായി വ്യാഖ്യാനിച്ച് വിജിലൻസ് ട്രാപ്പുകളിൽ പെടുത്തുകയും, പൊതുജനവും മാധ്യമങ്ങളും ഡോക്ടർമാരെ വിമർശിക്കുകയും, അവഹേളിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. അതിനാൽ തന്നെ സുതാര്യവും, വ്യക്തവുമായ സ്വകാര്യ പ്രാക്ടീസ് മാനദണ്ഡങ്ങൾ രൂപീകരിക്കണം എന്ന് വർഷങ്ങളായി KGVOA ആവശ്യപ്പെട്ടു വന്നിരുന്നതാണ്. പാലക്കാട്, മലപ്പുറം, കോട്ടയം എന്നീ ജില്ലകളിലടക്കം പല ഡോക്ടർമാരും വിജിലൻസ് കേസിൽ പെട്ട് മാനസികപീഡനവും, സമൂഹത്തിൻ്റെയും, മാധ്യമങ്ങളുടെയും വിചാരണയും, വകുപ്പിൻ്റെ അച്ചടക്ക നടപടികളും നേരിടേണ്ടി വന്നതും, ഡോ.ആർ.സൈര അടക്കം ഒട്ടനവധി ഡോക്ടർമാർ ഡ്യൂട്ടി സമയം കഴിഞ്ഞും സേവനം നൽകാൻ നിർബന്ധിതരാക്കപ്പെട്ടതും, അതിൻ്റെ പേരിൽ ഔദ്യോഗിക സമ്മർദ്ദങ്ങളും, നടപടികളും നേരിടേണ്ടി വന്നതും വ്യക്തമായ സ്വകാര്യ പ്രാക്ടീസ് മാനദണ്ഡങ്ങളുടെ അഭാവത്തിലാണ്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സീനിയർ വെറ്ററിനറി സർജൻ ഡോ.ആർ.സൈര ഡ്യൂട്ടി സമയത്തിന് ശേഷം രാത്രിയിൽ ഫോൺ കോൾ അറ്റൻഡ് ചെയ്തില്ല എന്ന ആരോപണത്തെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ടപ്പോൾ വ്യക്തമായ സ്വകാര്യ പ്രാക്ടീസ് മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണം എന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെടുകയും, അല്ലാത്ത പക്ഷം സ്വകാര്യ പ്രാക്ടീസിൽ നിന്ന് വിട്ടുനിൽക്കുവാൻ നമ്മുടെ അംഗങ്ങൾ നിർബന്ധിതരാകും എന്ന് അറിയിക്കുകയും ചെയ്തിരുന്നു. 2023 മാർച്ച് 2ന് കോട്ടയം ജില്ലയിൽ ഒരു ഡോക്ടർ വിജിലൻസ് കെണിയിൽ ചതിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടർന്ന് 4/3/2023 മുതൽ KGVOA അംഗങ്ങളായ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസിൽ നിന്ന് വിട്ടു നിൽക്കുകയും, ഈ വിവരം ഡയറക്ടറെ അറിയിക്കുകയും, പത്ര, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുകയും, ഇത് സംബന്ധിച്ചു പോസ്റ്റർ പുറത്തിറക്കുകയും, കർഷകർ അടക്കമുള്ള പൊതുസമൂഹത്തെ അറിയിക്കുന്നതിനായി ഈ വിവരം ഒട്ടനവധി ഡോക്ടർമാരുടെയും സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. പ്രൈവറ്റ് പ്രാക്ടീസ് മാനദണ്ഡങ്ങൾ സംബന്ധിച്ച് 20/03/2023-ൽ വെറ്ററിനറി കൗൺസിൽ നടത്തിയ ചർച്ചയിൽ KGVOA ഭാരവാഹികളെ ഔദ്യോഗികമായി ക്ഷണിക്കും എന്ന് ഡയറക്ടർ അറിയിച്ചിരുന്നുവെങ്കിലും സംഘടന എന്ന രീതിയിൽ ആ ചർച്ചയിൽ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള അവസരം ഇല്ലാത്തതിനാലും, സംഘടന എന്ന പരിഗണന നൽകാത്തതിനാലും ഡയറക്ടറേയും, വകുപ്പ് സെക്രട്ടറിയേയും അറിയിച്ചുകൊണ്ട് KGVOA ആ ചർച്ചയിൽ നിന്ന് വിട്ടു നിന്നു. എങ്കിലും KGVOA-യുടെ നിർദേശങ്ങൾ 20/03/2023-ൽ തന്നെ ബഹു: വകുപ്പ് മന്ത്രിക്കും, ഡയറക്ടർക്കും എഴുതി നൽകുകയുണ്ടായി. ഇതിനു പുറമേ 22/03/2023-ൽ വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം IPS-നേ നേരിൽകണ്ട് വെറ്ററിനറി ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച പ്രശ്നങ്ങൾ ഉന്നയിക്കുകയും ചെയ്തു. KGVOA-യുടെ ആവശ്യപ്രകാരം മറ്റു സംഘടനകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് വകുപ്പ് സെക്രട്ടറി ശ്രീ പ്രണബ് ജ്യോതിനാഥ് IAS 23/3/2023ലെ ഇ3/65/2023-എ.എച്ച് നമ്പർ കത്ത് പ്രകാരം 31/3/2023-ൽ ചർച്ച നിശ്ചയിച്ചിരുന്നു എങ്കിലും ബഹു: വകുപ്പ് മന്ത്രി 12/4/2023-ൽ ചർച്ച നടത്തുവാൻ തീരുമാനിച്ചതിനാൽ സെക്രട്ടറി നിശ്ചയിച്ച ചർച്ച വേണ്ടെന്നുവച്ചു. 25/03/2023-ൽ ഈ വിഷയത്തിൽ വകുപ്പ് ഡയറക്ടറുമായി വിശദമായ ചർച്ച നടത്തി നിർദേശങ്ങൾ സമർപ്പിച്ചു. 10/04/2023-ൽ KGVOA-യുടെ നിർദേശങ്ങൾ രേഖാമൂലം വകുപ്പ് സെക്രട്ടറിക്ക് കൈമാറി. 12/04/2023-ൽ KGVOA, IVA Kerala, KSVC, ഇതര സർവീസ് സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി സെക്രട്ടറിയേറ്റ് അനക്സിൽ വച്ച് ബഹു: മന്ത്രി നേരിട്ട് ചർച്ച നടത്തുകയും, വിവിധ സംഘടനകൾക്കുള്ള നിർദ്ദേശങ്ങൾ രേഖാമൂലം നൽകുവാൻ ആവശ്യപ്പെടുകയും, അവ ക്രോഡീകരിച്ച് സ്വകാര്യ പ്രാക്ടീസ് മാനദണ്ഡങ്ങളുടെ കരട് 10 ദിവസത്തിനകം പ്രസിദ്ധീകരിക്കുവാൻ നിർദേശം നൽകുകയും, അതിനുമേൽ വീണ്ടുമൊരു ചർച്ച കൂടി നടത്തി അന്തിമ ഉത്തരവ് പുറത്തിറക്കാം എന്ന് ഉറപ്പു നൽകുകയും ചെയ്തു. ബഹു: മന്ത്രി നൽകിയ ഉറപ്പ് പ്രകാരം മാനദണ്ഡങ്ങളുടെ ഡ്രാഫ്റ്റ് പ്രസിദ്ധീകരിക്കുവാൻ വൈകിയപ്പോൾ അവ എത്രയും വേഗം പുറത്തിറക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് 14/06/2023-ൽ ഡയറക്ടർക്ക് വീണ്ടും നിവേദനം നൽകി. കരട് മാനദണ്ഡങ്ങൾക്കുമേൽ ഒരുതവണ കൂടി ചർച്ച നടത്തി അന്തിമ ഉത്തരവ് പുറത്തിറക്കാം എന്ന് ബഹു: മന്ത്രി പറഞ്ഞിരുന്നു. എന്നിരുന്നാലും ഇപ്പൊൾ ഈ ചർച്ച കൂടാതെ തന്നെ ഉത്തരവ് ഇറങ്ങിയിരിക്കുക ആണ്. ഇതിനു മുൻകൈ എടുത്ത ബഹു: വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി അവർകളെ KGVOA അഭിവാദ്യം ചെയ്യുന്നു. ഒരു കാര്യം സുവ്യക്തമാണ്, സർക്കാർ വെറ്ററിനറി ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിച്ചു കൊണ്ട് ഇതുവരെ നിലവിലുണ്ടായിരുന്ന. ഇപ്പോൾ പ്രസിദ്ധീകരിച്ച ഉത്തരവിൽ ഒന്നാം പരാമർശമായി കൊടുത്തിട്ടുള്ള, സ.ഉ(സാധാ)നം.1765/2015/AHD, തീയതി 14/10/2015 എന്ന ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അന്ന് നടത്തിയതും KGVOA തന്നെയാണ്. അടുത്തിടെ ഉണ്ടായ വിജിലൻസ് കേസിനെത്തുടർന്ന് മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാർക്ക് വ്യക്തമായ സ്വകാര്യ പ്രാക്ടീസ് മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ച് മുന്നിട്ടിറങ്ങിയതും, പ്രത്യക്ഷ പ്രക്ഷോഭങ്ങൾ നടപ്പിലാക്കി ഈ വിഷയം തുടർച്ചയായി സജീവമാക്കി നിർത്തിയതും KGVOA-യാണ്. നീണ്ട ഏഴ് മാസത്തിനു ശേഷം ധൃതി പിടിച്ച് തയ്യാറാക്കിയ കരടിൻമേൽ ചർച്ച നടത്താതെ അന്തിമ ഉത്തരവ് പുറത്തിറക്കിയതുമൂലം അതിൽ ഉണ്ടായ ചില പ്രധാനപ്പെട്ട അപാകതകൾ ചൂണ്ടിക്കാണിക്കട്ടെ. 1. ഡോക്ടർമാർക്ക് പ്രൈവറ്റ് പ്രാക്ടീസ് ചെയ്യാൻ പറ്റുന്ന ഇടങ്ങൾ പരാമർശിക്കുന്നതിൽ "ഡോക്ടറുടെ കൺസൾട്ടിംഗ് റൂം" എന്നത് ഉൾപ്പെടുത്തിയിട്ടില്ല. പ്രൈവറ്റ് ക്ലിനിക്കുകളോ, ഡോക്ടർമാരുടെ താമസസ്ഥലമോ അല്ലാത്ത, ഡോക്ടർമാർ കൺസൾട്ടിംഗ് നടത്തുന്ന മുറികൾ/വീടുകൾ/കെട്ടിടങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ അത്തരം ഇടങ്ങളിൽ വച്ച് ഡോക്ടർമാർ ചികിത്സ നൽകിയാൽ അത് പ്രൈവറ്റ് ക്ലിനിക്ക് ആയി വ്യാഖ്യാനിക്കപ്പെട്ട് അവർക്കെതിരെ നടപടികൾ കൈക്കൊള്ളുവാൻ സാധ്യതയുണ്ട് എന്നതിനാൽ ഉത്തരവിൽ ഇതിന് ആവശ്യമായ തിരുത്തൽ വരുത്തേണ്ടതാണ്. 2. മാറുന്ന കാലഘട്ടത്തിനനുസരിച്ച് പല ഡോക്ടർമാരും ഓൺലൈൻ കൺസൾട്ടേഷൻ വഴി പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ചെയ്യുന്ന ചികിത്സയും നിയമാനുസൃതമുള്ള പ്രൈവറ്റ് പ്രാക്ടീസ് ആയി ഉത്തരവിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. 3. ജൈവ സുരക്ഷ (Bio Security) ഉറപ്പുവരുത്തുന്നതിനായി ഫാമുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുവാൻ പാടില്ല എന്ന് ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ ജൈവ സുരക്ഷ (Bio Security) ഏറ്റവും കൂടുതലായി ഉറപ്പുവരുത്തേണ്ട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് & വെറ്ററിനറി ബയോളജിക്കൽസ്, ലബോറട്ടറികൾ മുതലായ സ്ഥാപനങ്ങളെ ഈ നിബന്ധനയിൽ ഉൾപ്പെടുത്തിയിട്ടുമില്ല. അതിനാൽ, ഫാമുകളിൽ ജോലി ചെയ്യുന്നത് മൂലം പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുവാൻ പറ്റാത്ത ഡോക്ടർമാർക്ക് നേരിടേണ്ടിവരുന്ന കനത്ത സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായി ഈ നിബന്ധന ഒഴിവാക്കുകയോ, അവർക്ക് തക്കതായ നോൺ-പ്രാക്ടീസിംഗ് അലവൻസ് അനുവദിക്കുകയോ ചെയ്യേണ്ടതാണ്. 4. ഏതെങ്കിലും സർക്കാർ സ്കീമുകളിൽ ഉൾപ്പെട്ടിട്ടുള്ള മൃഗങ്ങൾക്ക് ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, മൂല്യനിർണയ സർട്ടിഫിക്കറ്റ്, ആരോഗ്യ (Health) സർട്ടിഫിക്കറ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവ നൽകുന്നതിന് കർഷകനിൽ നിന്ന്ചാർജ് ഈടാക്കാൻ പാടില്ല എന്ന് നിബന്ധനയുണ്ട്. ഇത്തരം ചാർജുകൾ ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ഡോക്ടർക്ക് നൽകാത്ത സ്കീമുകളിലും/സാഹചര്യങ്ങളിലും, മൃഗ-ഉടമയുടെ വീടുകളിൽ പോയി പരിശോധിച്ചു സേവനം നൽകേണ്ടി വരുന്ന സാഹചര്യങ്ങളിലും ഇത്തരം സേവനങ്ങൾക്കും ചാർജ് ഈടാക്കാനുള്ള മാനദണ്ഡം ഉത്തരവിൽ ഉൾപ്പെടുത്തേണ്ടതാണ്. 5. ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ കാര്യത്തിൽ ചെയ്തിട്ടുള്ളതുപോലെ മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി "ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് നടത്തുവാനുള്ള അവകാശം ഉണ്ട്" എന്ന് Government Servants Conduct Rules -ൽ ഉൾപ്പെടുത്തേണ്ടതാണ്. 6. ഇപ്പോൾ പ്രസിദ്ധീകരിച്ച സ്വകാര്യ പ്രാക്ടീസ് മാനദണ്ഡങ്ങൾ സംബന്ധിച്ച ഉത്തരവ് വിജിലൻസ് വകുപ്പിന് ഔദ്യോഗികമായി കൈമാറുകയും, വിജിലൻസ് മാനുവലിൽ ഇത് ഉൾപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ വീണ്ടും ഡോക്ടർമാർ വിജിലൻസ് കേസുകളിൽ പെടുവാനും, നിരപരാധിത്വം തെളിയിക്കുവാൻ കോടതി കയറിയിറങ്ങി വർഷങ്ങൾ ചിലവഴിക്കേണ്ടി വരാനും സാധ്യതയുണ്ട്. അതിനാൽ വിജിലൻസ് വകുപ്പിന്റെ രേഖകളിൽ കൂടി ഈ ഉത്തരവനുസരിച്ച് മാറ്റങ്ങൾ വരുത്തുവാനുള്ള നടപടികൾ കൂടി കൊള്ളേണ്ടതാണ്. മന്ത്രിയും, ഡയറക്ടറും ഉറപ്പു നൽകിയതുപോലെ മാനദണ്ഡങ്ങളുടെ ഡ്രാഫ്റ്റിൻമേൽ ഒരു ചർച്ച കൂടി നടത്തിയ ശേഷം അന്തിമ ഉത്തരവ് പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ ഈ അപാകതകൾ നേരത്തെ പരിഹരിക്കാമായിരുന്നു. KSVC തെരഞ്ഞെടുപ്പിന് മുമ്പ് എങ്ങനെയും ഉത്തരവിറക്കാനുള്ള ചിലരുടെ നെട്ടോട്ടത്തിനിടയിൽ പറ്റിയ ഇത്തരം അപാകതകളുടെ അനന്തര ദോഷഫലങ്ങൾ ഇവരടക്കമുള്ള മൃഗസംരക്ഷണ വകുപ്പിലെ എല്ലാ ഡോക്ടർമാരും അനുഭവിക്കേണ്ടിവരും എന്ന് ഏവരും തിരിച്ചറിഞ്ഞാൽ നല്ലത്. ഇപ്പോൾ പുറത്തിറങ്ങിയ ഉത്തരവിനെ ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നതിനോടൊപ്പം, മുകളിൽ ചൂണ്ടിക്കാണിച്ചത് പോലെയുള്ള അതിലെ അപാകതകൾ പരിഹരിച്ചുകൊണ്ട്, ശക്തവും വ്യക്തവുമായ മാനദണ്ഡങ്ങളോടെ, ആശങ്കകൾക്കിടയില്ലാതെ, ആത്മാഭിമാനത്തോടെ, സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങളിൽ അവസാനം വരെ KGVOA മുന്നിലുണ്ടാകും എന്ന് ഉറപ്പുനൽകുന്നു.

എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് നിയമനം
പ്രതിക്ഷേധം: വ്യാജവാർത്തക്കു എതിരെ
ഡയറക്ടറേറ്റ് ധർണ്ണ
സ്വകാര്യ പ്രാക്ടീസ് മാനദണ്ഡങ്ങൾ : ഡയറക്ടറുമായി ചർച്ച നടത്തി
നീതിക്കായുള്ള പോരാട്ടത്തിൻ്റെ വിജയം
സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ ഇലക്ഷൻ: DVF മുന്നണി മത്സരിക്കും
സംസ്ഥാന സമ്മേളനം 2023